Thursday, December 30, 2010

കടല്‍തുള്ളി










മായാത്ത നിഴല്‍പ്പാടിനോട് കലഹിച്ച് 
മടങ്ങിയൊരു കടലിന്റെ അരിശം 
ചക്രവാതമായ്, 
ഗദ്ഗദങ്ങളുടെ വേലിയേറ്റമായ്,
പോരുതിയങ്ങനെ...
ഒടുവിലതൊരു നീണ്ട നിശബ്ദതയായ് 
ഉള്‍വലിഞ്ഞു ശോഷിച്ചു പോയ്‌ 
ഇന്നൊരു കടല്‍തുള്ളി ഉറങ്ങുന്ന 
ചിപ്പി മാത്രം 
ബാക്കിയാവുന്നു 

Monday, December 6, 2010

ഫ്ലാഗ് ഓഫ്‌


 നിറങ്ങള്‍ക്ക് പേരിടാന്‍ പഠിപ്പിച്ച
എന്റെ മയില്‍‌പ്പീലിവര്‍ണങ്ങള്‍ 
വാര്‍ന്നൊഴുകിയ നോവിന്‍തീരം 
   ഇന്ന്, പുതുനിറങ്ങളുടെ കടലിലലിയുന്നു  
               
ഒരു വേനല്‍ വെന്തുതീരുവോളം  
 എന്നെ കാണാമറയതൊളിച്ചുവച്ച 
ചന്ദ്രകാന്തക്കല്ലില്‍
നിറനിലാവ് പെയ്യുന്നു 
         
          ഡിസംബര്‍ നിറമുള്ള ആകാശത്തിന് ചോട്ടില്‍ 
          പാതി കുറിച്ചിട്ട കവിതയില്‍ മയങ്ങവേ 
          പുതിയ നിദ്രയില്‍ തളിര്‍ക്കാന്‍ കൊതിച്ച്‌
     പഴയ സ്വപ്‌നങ്ങള്‍ 
           
           അവയുടെ കല്‍പ്പടവുകളില്‍ കടും നിറങ്ങളുടെ 
       മരം പെയ്യുന്നു   
          മഞ്ഞിന്‍ ചിരാതിലെരിയുന്ന ദീപങ്ങളാണെന്‍ 
     വഴികാട്ടികള്‍