Thursday, December 30, 2010

കടല്‍തുള്ളി










മായാത്ത നിഴല്‍പ്പാടിനോട് കലഹിച്ച് 
മടങ്ങിയൊരു കടലിന്റെ അരിശം 
ചക്രവാതമായ്, 
ഗദ്ഗദങ്ങളുടെ വേലിയേറ്റമായ്,
പോരുതിയങ്ങനെ...
ഒടുവിലതൊരു നീണ്ട നിശബ്ദതയായ് 
ഉള്‍വലിഞ്ഞു ശോഷിച്ചു പോയ്‌ 
ഇന്നൊരു കടല്‍തുള്ളി ഉറങ്ങുന്ന 
ചിപ്പി മാത്രം 
ബാക്കിയാവുന്നു 

Monday, December 6, 2010

ഫ്ലാഗ് ഓഫ്‌


 നിറങ്ങള്‍ക്ക് പേരിടാന്‍ പഠിപ്പിച്ച
എന്റെ മയില്‍‌പ്പീലിവര്‍ണങ്ങള്‍ 
വാര്‍ന്നൊഴുകിയ നോവിന്‍തീരം 
   ഇന്ന്, പുതുനിറങ്ങളുടെ കടലിലലിയുന്നു  
               
ഒരു വേനല്‍ വെന്തുതീരുവോളം  
 എന്നെ കാണാമറയതൊളിച്ചുവച്ച 
ചന്ദ്രകാന്തക്കല്ലില്‍
നിറനിലാവ് പെയ്യുന്നു 
         
          ഡിസംബര്‍ നിറമുള്ള ആകാശത്തിന് ചോട്ടില്‍ 
          പാതി കുറിച്ചിട്ട കവിതയില്‍ മയങ്ങവേ 
          പുതിയ നിദ്രയില്‍ തളിര്‍ക്കാന്‍ കൊതിച്ച്‌
     പഴയ സ്വപ്‌നങ്ങള്‍ 
           
           അവയുടെ കല്‍പ്പടവുകളില്‍ കടും നിറങ്ങളുടെ 
       മരം പെയ്യുന്നു   
          മഞ്ഞിന്‍ ചിരാതിലെരിയുന്ന ദീപങ്ങളാണെന്‍ 
     വഴികാട്ടികള്‍

Saturday, October 9, 2010

മനസ് പെയ്യും കാലം











എന്റെ പേനത്തുമ്പില്‍ പിറന്ന 
നീലമഷിത്തടാകം  
അന്നൊരു വേനല്‍സൂര്യന്‍
വിണ്ണിലേക്കാവാഹിക്കുകയായിരുന്ന്നു 

ചക്രവാളത്തിന്‍റെ കരിനീലകാന്‍വാസില്‍ ഒളിച്ചുവച്ച
എന്റെ അക്ഷരങ്ങളെ 
തീക്കനല്‍ മൊട്ടുകള്‍ വിടരും വെളിച്ചത്തില്‍
കാലം വായിച്ചുതുടങ്ങി 

പിഞ്ചു കൈകളില്‍ ഇറുകെപ്പിടിച്ച 
കൊച്ചു കുടയില്‍ 
എന്റെ സ്വപ്‌നങ്ങള്‍ 
വര്‍ണ്ണങ്ങള്‍ ചാലിച്ചു, 
രാത്രിമഴയായി പിടഞ്ഞു വീണു
കാതങ്ങള്‍ താണ്ടിയ സങ്കടങ്ങള്‍ 

ഒരു തീവണ്ടിയാത്രയ്ക്കു കൂട്ടുപോകാന്‍   
ചാറ്റല്‍ മഴയായ് വന്ന കുളിരോര്‍മ്മകള്‍ 

ദൂരെ, ഉരുകുന്ന കരമണ്ണ്  
ഈ  പേനതുമ്പിലെ അക്ഷരസാഗരം കാത്തിരിക്കേ
പെയ്യുമോ മഴയെന്നറിയില്ലെനിക്കിനി 
ആ നീലമഷിക്കുപ്പിയാരോ കുടിച്ചു വറ്റിച്ചു  

Thursday, September 23, 2010

കണ്ണാടി പറഞ്ഞ കഥ




ഒരു പുലര്‍കാലത്ത്‌ കണ്ണാടിയിലെ പ്രതിബിംബം 
അപരിചിതത്വം കാട്ടിയപ്പോഴാണ് 
അവള്‍ ചിന്തയുടെ വര്‍ഷകാലം തേടിപ്പോയത് 
പൂത്താലികള്‍ ധ്യാനിക്കുന്ന വയലോരത്തെ 
ഓട്ടുചിലമ്പിട്ട കാല്‍പ്പാടുകളും 
കഥയുടെ കൈപ്പുസ്തകവുമായി കുന്നിന്‍ചെരിവില്‍ 
കൂട്ടിനെത്തിയ മഴവില്ലും 
ഇലപ്പടര്‍പ്പുകളെ തലോടി താഴേക്കുതിര്‍ന്നുവീണ 
കാട്ടുകൊന്നപ്പൂവും,
ഒന്നുമൊന്നും 
പ്രതിബിംബത്തിന് ഓര്‍ത്തെടുക്കാനാവുന്നില്ലത്രേ 
അഭയം നല്‍കിയ തണലുകള്‍ വാടിക്കരിഞ്ഞ ദിവസം മുതലാണ്‌
ഈ ഭാവമാറ്റം പ്രകടമായത് 
പതിയെ അത് മറ്റാരോ ആയി മാറുന്നതുപോലെ 
ഒടുവില്‍, മുഖച്ഛായ പോലും മാറിതുടങ്ങിയ പ്രതിബിംബത്തെ 
അവള്‍  മന്ദാകിനിയുടെ തെളിമയില്‍ ഉപേക്ഷിക്കുകയായിരുന്നു
കണ്ണാടി പറഞ്ഞൊരു നുണക്കഥ പോലെ 
എല്ലാം വെറും രാക്കിനാവ് മാത്രമായി 
ഒലീവുകള്‍ തളിര്‍ക്കുന്ന മറ്റൊരു പുലരി വരുമത്രേ  
അന്ന്, അഥീന ഒരുക്കി നല്‍കുന്ന പുതിയ പ്രതിബിംബം
അവള്‍ കണ്ണാടിക്കായ് സമ്മാനിക്കും 

Friday, September 17, 2010

പിങ്ക് നിറമുള്ള തൂവാല


അറിയാതെ മനസ്സ് പിടഞ്ഞുപോയ നിമിഷത്തില്‍
ചെപ്പിലെ  സിന്ദൂരം തറയിലേക്കു തൂവിപ്പോയി
കൈപ്പിഴയെ സ്വയം ശപിക്കാന്‍ തുടങ്ങുമ്പോഴേക്കും
പച്ചഞ്ഞരമ്പുകള്‍ വീഥികളില്‍  ചോരചാല്‍ തീര്‍ത്തുകഴിഞ്ഞിരുന്നു
അനാഥമായ മണല്‍സ്വര്‍ഗത്തില്‍
ജലതുള്ളികള്‍ക്കായി യാചിക്കുന്ന കണ്തങ്ങള്‍
പിങ്ക് തൂവാലയില്‍ നിന്ന് രക്തം ഇറ്റുവീഴുന്നത്
ഉടഞ്ഞ കണ്ണാടിമാളികയില്‍ പ്രതിധ്വനിച്ചു
കോട്ടകൊത്തളങ്ങളെ പിളര്‍ക്കുന്ന നിലവിളികളില്‍
ഖവാലി സംഗീതം പൊടുന്നനെ നിലച്ചു
പാതകളില്‍ നെടുകെയും കുറുകെയും ഓടിനടന്നു
മരണം പിങ്ക് തൂവാലയെ ചവിട്ടിഞ്ഞെരിച്ചു


വ്യര്‍ത്‌ഥമായ കുരുതികള്‍ അവസാനിക്കുന്നില്ല
പക്ഷേ തൂവാലകള്‍ നിറം മാറുന്നു
വിഷാദം കണ്ണുകളില്‍ നിറച്ച 
ധ്രുവനക്ഷത്രം മാത്രം മൂകസാക്ഷി 


*(ഒരു മെയ്‌ 13ന്‍റെ ഓര്‍മ്മയ്ക്ക്) 

Tuesday, September 14, 2010

പുനര്‍ജ്ജനി

നര്‍മ്മദയുടെ ഉദ്ഭവസ്ഥാനം
ഓര്‍മയുടെ ഒന്നാം അധ്യായത്തില്‍ ആ സ്വപ്നം വീണ്ടും തെളിഞ്ഞു 
പണ്ട്, ഇരുണ്ട രാത്രികളില്‍ സ്വപ്നം പേടിച്ചു നിലവിളിക്കുമായിരുന്നു
ഇന്ന് കഥയുടെ ഗതി മാറുകയായി
ഗാന വീചികളിലെ ദുഃഖതാളത്തിന് പൂര്‍ണവിരാമം
മണല്‍ചെടികളില്‍നിന്ന് പൊഴിയുന്നത് മഞ്ഞുകണങ്ങളാണ്  
പേമാരിയെ പേടിച്ച കൊച്ചുപെണ്‍കുട്ടിക്ക്
പുതുമഴ നല്‍കിയ സൌഭാഗ്യദിനങ്ങള്‍
കന്യാകുമാരിയുടെ കാത്തിരിപ്പ്‌ വ്യാമോഹമേ അല്ലായിരുന്നു
വരും ജന്മം,  നൊമ്പരങ്ങളുടെ
കടലിരമ്പത്തേക്ക് ശിവന് വന്നെത്താതെ വയ്യ
പുനര്‍ജ്ജന്മം കൊതിച്ചു കുളിര്‍മയുടെ ജലപ്പരപ്പിലേക്ക് ഞാനും ഇറങ്ങുകയായി
ഗംഗയുടെ പാപങ്ങള്‍ പോലും ഏറ്റുവാങ്ങുന്ന
നര്‍മ്മദയില്‍ ലയിക്കാനാണെനിക്കിഷ്ടം

Sunday, September 12, 2010

(രക്‌ത)സാക്ഷി



നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം അവസാനിക്കും
ജലാറ്റിന്‍ സ്‌റ്റിക്കുകളും ഡിറ്റണേറ്ററുകളും പല്ലിളിച്ചു കാണിക്കുന്നു
മരിച്ചാല്‍ കരയാന്‍പോലും ആരുമുണ്ടാവില്ല
വേണ്ടപ്പെട്ടവര്‍ ഭീകരന്മാരായില്ലേ
അവരെന്നെ കൊന്നുകഴിഞ്ഞു
പക്ഷേ ജയിച്ചത്‌ ഞാന്‍ തന്നെ ആയിരുന്നു

ഒടുക്കം



കുതിച്ചൊഴുകുന്ന പുഴയെ എനിക്ക്‌ ഭയമായിരുന്നു
എന്നിട്ടും വണ്ണാത്തിപ്പുഴയുടെ ആഴപ്പരപ്പിനെ ഞാന്‍ സ്‌നേഹിച്ചു

പാഞ്ഞുപോകുന്ന തീവണ്ടിയെ എനിക്ക്‌ ഭയമായിരുന്നു
എന്നിട്ടും അറ്റംകാണാത്ത തീവണ്ടിപ്പാതയെ ഞാന്‍ സ്‌നേഹിച്ചു

സദാ ചലിക്കുന്ന സെക്കന്റ്‌ സൂചിയെ എനിക്ക്‌ ഭയമായിരുന്നു
എന്നിട്ടും സമയം കാട്ടുന്ന അനുസരണയെ ഞാന്‍ സ്‌നേഹിച്ചു

നിന്റെ സങ്കല്‍പ്പങ്ങളെ എനിക്ക്‌ ഭയമായിരുന്നു
എന്നിട്ടും നിന്റെ വാചാലതയെ ഞാന്‍ സ്‌നേഹിച്ചു
ആര്‍ക്കും മടങ്ങിവരാനാകുമായിരുന്നില്ല... ഈ എനിക്ക്‌ പോലും!