Thursday, September 23, 2010

കണ്ണാടി പറഞ്ഞ കഥ




ഒരു പുലര്‍കാലത്ത്‌ കണ്ണാടിയിലെ പ്രതിബിംബം 
അപരിചിതത്വം കാട്ടിയപ്പോഴാണ് 
അവള്‍ ചിന്തയുടെ വര്‍ഷകാലം തേടിപ്പോയത് 
പൂത്താലികള്‍ ധ്യാനിക്കുന്ന വയലോരത്തെ 
ഓട്ടുചിലമ്പിട്ട കാല്‍പ്പാടുകളും 
കഥയുടെ കൈപ്പുസ്തകവുമായി കുന്നിന്‍ചെരിവില്‍ 
കൂട്ടിനെത്തിയ മഴവില്ലും 
ഇലപ്പടര്‍പ്പുകളെ തലോടി താഴേക്കുതിര്‍ന്നുവീണ 
കാട്ടുകൊന്നപ്പൂവും,
ഒന്നുമൊന്നും 
പ്രതിബിംബത്തിന് ഓര്‍ത്തെടുക്കാനാവുന്നില്ലത്രേ 
അഭയം നല്‍കിയ തണലുകള്‍ വാടിക്കരിഞ്ഞ ദിവസം മുതലാണ്‌
ഈ ഭാവമാറ്റം പ്രകടമായത് 
പതിയെ അത് മറ്റാരോ ആയി മാറുന്നതുപോലെ 
ഒടുവില്‍, മുഖച്ഛായ പോലും മാറിതുടങ്ങിയ പ്രതിബിംബത്തെ 
അവള്‍  മന്ദാകിനിയുടെ തെളിമയില്‍ ഉപേക്ഷിക്കുകയായിരുന്നു
കണ്ണാടി പറഞ്ഞൊരു നുണക്കഥ പോലെ 
എല്ലാം വെറും രാക്കിനാവ് മാത്രമായി 
ഒലീവുകള്‍ തളിര്‍ക്കുന്ന മറ്റൊരു പുലരി വരുമത്രേ  
അന്ന്, അഥീന ഒരുക്കി നല്‍കുന്ന പുതിയ പ്രതിബിംബം
അവള്‍ കണ്ണാടിക്കായ് സമ്മാനിക്കും 

1 comment:

  1. Kollamallo suhruthee. oru yuva kavayathri pakappedunnuvo?
    Ethaayaalum abhinandanagnal...

    ReplyDelete